Friday, August 14, 2009

മലയാളിക്കൂട്ടം - ഒരു പരിചയം.

മലയാളിക്കൂട്ടം - ഒരു പരിചയം.

ഫ്ലിക്കര്‍ എന്ന ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ്‌ സൈറ്റില്‍ 'മലയാളിക്കൂട്ടം' എന്ന പേരിലുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ഒരു കൂട്ടായ്മ 2007 ഫെബ്രുവരി മുതല്‍ സജ്ജീവമായി രംഗത്തുണ്ട്‌. ആദ്യകാലങ്ങളില്‍ കുറച്ചുപേര്‍ മാത്രമേ ഇതില്‍ അംഗങ്ങളായി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത്‌ 1200-നുമേല്‍ എത്തിനില്‍ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമേച്ചര്‍ പടംപിടുത്തക്കാര്‍ തൊട്ട്‌ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ വരെ ഇതില്‍ അംഗങ്ങളാണ്‌.


വെറുതെ ഫോട്ടൊ ഷെയര്‍ ചെയ്യുകയോ, മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയോ മാത്രമാകരുത്‌ മലയാളിക്കൂട്ടം കൂട്ടായ്മയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കിക്കൊണ്ട്‌, ഓരോ പ്രദേശത്തുമുള്ള അംഗങ്ങള്‍ ഓഫ്‌ലൈനായി കൂടിച്ചേരല്‍ നടത്തുകയും അതിന്റെയൊക്കെ ഫലമായി പിന്നീട്‌ "കൂട്ടം" വക നിരവധി 'ഒത്തുചേരലും' ഫോട്ടോഗ്രാഫിയെ സംബന്ധിച്ച ചര്‍ച്ചകളും വര്‍ക്‌ക്‍ഷാപ്പുകളും സംഘടിപ്പിക്കുകയുണ്ടായി.


വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത കൊച്ചി ബോള്‍ഗാട്ടി പാലസില്‍ 2007-ല്‍ നടത്തിയ ഒത്തുകൂടലായിരുന്നു ഇതില്‍ ആദ്യത്തെ വലിയ സംരംഭം.

തുടര്‍ന്ന്, ആതിരപ്പള്ളി, കൊച്ചി, ആലപ്പുഴ, കൊല്ലം, വാഗമണ്‍, വാള്‍പ്പാറ/ഷോളയാര്‍ ( വൈല്‍ഡ്‌ലൈഫ്‌ എക്സ്പെഡീഷന്‍), തൃശ്ശൂര്‍/ഗുരുവായൂര്‍, ബാംഗ്ലൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്‌,ദുബായ്‌, നെല്ലിയാമ്പതി എന്നിവിടങ്ങളിലും മലയാളിക്കൂട്ടം മീറ്റ്‌/വര്‍ക്‌ക്‍ഷാപ്പ്‌ സംഘടിപ്പിക്കുകയുണ്ടായി.

ബാംഗ്ലൂര്‍ കൂട്ടം മീറ്റ്

മലയാളിക്കൂട്ടം രണ്ടാം വാര്‍ഷിക മീറ്റ് - തൃശ്ശൂര്‍

വാഷിംഗ്ടണ്‍ കൂട്ടം മീറ്റ്

ലണ്ടന്‍ കൂട്ടം മീറ്റ്

കൊല്ലം കൂട്ടം മീറ്റ്.

മലയാളിക്കൂട്ടം നെല്ല്ലിയാമ്പതി മീറ്റ്/ഫോട്ടൊഗ്രാഫി വര്‍ക്ക്ഷാപ്പ്

ദുബായ് മീറ്റ്
മലയാളിക്കൂട്ടം അബുദാബി മീറ്റ്

മലയാളിക്കൂട്ടത്തിന്റെ ഭാഗമായ "ദോഹക്കൂട്ടം" എന്ന ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരും ദോഹയില്‍ ഒന്നിലധികം കൂട്ടുചേരലും വര്‍ക്‌ക്‍ഷാപ്പുകളും നടത്തിയിട്ടുണ്ട്‌.


ദോഹക്കൂട്ടം മീറ്റ്

ദോഹക്കൂട്ടം മീറ്റ്


ദോഹക്കൂട്ടം വാര്‍ഷികമീറ്റ്

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍:

മലയാളിക്കൂട്ടം എന്ന കൂട്ടായ്മകൊണ്ട്‌ നമ്മുടെ സമൂഹത്തിന്‌ എന്തെങ്കിലും ചെറിയ സംഭാവന നല്‍കണമെന്ന് ഉദ്ദേശ്യത്തോടെ ചില കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെറിയ തോതില്‍ ധനസഹായവും ഈ കൂട്ടായ്മ ചെയ്തുവരുന്നു.

* 2007-ല്‍ ഒരു സാധു പെണ്‍കുട്ടിക്ക്‌ പഠനത്തിനാവശ്യമായ തുക അംഗങ്ങള്‍ പിരിച്ചുനല്‍കി.
* മംഗലാപുരം സ്നേഹസദനിലെ കുട്ടികള്‍ക്കായി സംഭാവന നല്‍കി.
* ബാംഗ്ലൂര്‍ സ്നേഹദാനിലേക്ക്‌ സംഭാവന നല്‍കി.
* ചങ്ങനാശ്ശേരിയിലെ രക്ഷാഭവന്‌ ധനസഹായം നല്‍കി.
* കോഴിക്കോടിനടുത്തുള്ള പരിതസ്ഥിതിപ്രവര്‍ത്തകനും കൂലിപ്പണിക്കാരനുമായ പരേതനായ രാജന്റെ നിര്‍ദ്ധനരായ കുടുംബത്തിനുവേണ്ടി മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി മുഖാന്തരം ഒരു വീട്‌ നിര്‍മ്മാണത്തിനു ദോഹക്കൂട്ടത്തിന്റെ വകയായി ധനസഹായം നല്‍കുന്നു.

ഫോട്ടോ പ്രദര്‍ശനങ്ങള്‍:

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളിക്കൂട്ടം അംഗങ്ങള്‍ എടുത്ത മികവുറ്റ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം കേരളത്തില്‍ വെച്ച്‌ നടത്തണം എന്ന് കുറച്ച്‌ മാസങ്ങളായി പരിഗണനയിലുണ്ടെങ്കിലും പലകാരണങ്ങളാലും അത്‌ സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മലയാളിക്കൂട്ടത്തിന്റെ ഭാഗമായ ഖത്തറിലെ "ദോഹക്കൂട്ടം" ദോഹയില്‍ വെച്ച്‌ രണ്ട്‌ ഫോട്ടോ പ്രദര്‍ശനങ്ങള്‍ വിജയകരമായി നടത്തി മാധ്യമശ്രദ്ധയും നേടി. Sight Insight എന്നതും കഴിഞ്ഞ ലോകപരിസ്ഥിതി ദിനത്തില്‍ enVision എന്ന പേരിലുള്ള ചിത്രപ്രദര്‍ശനവും അതിന്റെ വിഷയം കൊണ്ട്‌ വളരെ ശ്രദ്ധ നേടിയിരുന്നു. മലയാളിക്കൂട്ടത്തിന്റെ ഖത്തര്‍ഘടകമായ “ദോഹാക്കൂട്ടം” ഇന്നവിടത്തെ ഈ രംഗത്ത് അറിയപ്പെടുത്ത സംഘടനകളില്‍ ഒന്നാണ്. സംഘടന രൂപപ്പെട്ട് ഒരുവര്‍ഷത്തിനകം തന്നെ രണ്ട് വലിയ ചിത്രപ്രദര്‍ശനങ്ങളടം ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഒരുപാട് സംരംഭങ്ങള്‍ സംഘടിപ്പിച്ച ദോഹാക്കൂട്ടം ഇതിനോടകം തന്നെ ഒട്ടനവധി പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു.

ദോഹക്കൂട്ടത്തിന്റെ എന്‍‌വിഷന്‍ ഫോട്ടോ പ്രദര്‍ശനവേളയില്‍ നിന്നും

ദോഹക്കൂട്ടത്തിന്റെ A Tribute to Qatar എന്ന ആദ്യ എക്സിബിഷനില്‍ നിന്നും

കൂട്ടം അംഗങ്ങളുടെ ഈ ആവേശം കെടാതെയാണ്‌ ഈ ഓണക്കാലത്ത്‌ കൊച്ചിയില്‍ വെച്ച്‌ "ഓണക്കാഴ്ച്ച" എന്ന പേരില്‍ ആഗസ്റ്റ് 17 മുതല്‍ 23 വരെ ചിത്രപ്രദര്‍ശനം ഒരുക്കുന്നത്‌.


ഇതിനെക്കുറിച്ച് അടുത്ത പോസ്റ്റില്‍.

17 comments:

krish | കൃഷ് August 14, 2009 at 9:18 PM  

ഫ്ലിക്കര്‍ മലയാളിക്കൂട്ടം - ഒരു പരിചയം.

Febin Joy Arappattu August 14, 2009 at 9:59 PM  

കൂട്ടത്തില്‍ ഒരാളാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു...

Cartoonist August 14, 2009 at 10:08 PM  

ആരേം അറിഞ്ഞൂട.. എല്ലാരേം പരിചയപ്പെടുത്താത്തിറ്റത്തോളം കാലം
രസം കുറയും...

മഴത്തുള്ളി August 14, 2009 at 10:48 PM  

മലയാളിക്കുട്ടത്തിനും മലയാളക്കൂട്ടം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഫ്ലിക്കര്‍ മലയാളിക്കൂട്ടത്തിന്റെ കൊച്ചിയില്‍ വെച്ച് ആഗസ്റ്റ് 17 മുതല്‍ 23 വരെ നടക്കുന്ന “ഓണക്കാഴ്ച“ ചിത്രപ്രദര്‍ശനത്തിനും അനുബന്ധപരിപാടികള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

വാളൂരാന്‍ August 15, 2009 at 12:32 AM  

ദോഹക്കൂട്ടത്തിന്റെ ആശംസകള്‍....

Sarin August 15, 2009 at 1:59 AM  

I wish all success for Malayalikkoottam and its future endavors

Sarin August 15, 2009 at 2:00 AM  

കൂട്ടത്തില്‍ ഒരാളാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു..

പൈങ്ങോടന്‍ August 15, 2009 at 3:59 AM  

നല്ല ഉദ്യമം കൃഷ്. അഗ്രിഗേറ്ററുകളില്‍ ‍ലിസ്റ്റ് ചെയ്യാനുള്ള സംഗതികള്‍ ഒക്കെ ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു . എക്സിബിഷന്റെ മുഴുവന്‍ വിവരങ്ങളുമടങ്ങിയ പോസ്റ്റ് ഉടന്‍ തന്നെ പബ്ലിഷ് ചെയ്യുമല്ലോ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ August 15, 2009 at 10:50 PM  

കൂട്ടത്തില്‍ ഒരാളാകാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു...
ദോഹാകൂട്ടത്തില്‍ നിന്നും
മുഹമ്മദ് സഗീര്‍

അനില്‍@ബ്ലോഗ് // anil August 15, 2009 at 11:03 PM  

കൃഷ് ഭായ്,
ആശംസകള്‍.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ August 15, 2009 at 11:14 PM  

ഈ പോസ്റ്റിന്റെ അവസാ‍നത്തില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിന്റെ താഴെ എന്‍-വിഷന്‍ ഫോട്ടോ എക്സ്ബിഷന്‍ എന്ന് എഴുതി കണ്ടു അത് സത്യത്തില്‍ ഞങ്ങളുടെ A Tribute to Qatar എന്ന ആദ്യ ഫോട്ടോ എക്സ്ബിഷന്‍ന്റെ ഫോട്ടോയാണ്.ഇത് തിരുത്തുമല്ലോ?

krish | കൃഷ് August 15, 2009 at 11:20 PM  

സഗീര്‍, നന്ദി. തിരുത്തിയിട്ടുണ്ട്.

smitha adharsh August 16, 2009 at 1:11 PM  

'കൂട്ട'ത്തിനു ആശംസകള്‍..

Mohanam August 16, 2009 at 10:46 PM  

ഈ കൂട്ടത്തില്‍ എന്നേക്കൂടി കൂട്ടുമോ എന്നു ചോദിച്ചപ്പോള്‍ , അത്‌ നിഷേധിച്ച മലയാളിക്കൂട്ടത്തിന്‌ എന്റെ ആശംശകള്‍.

കൂട്ടണമെങ്കില്‍ എന്റെ വീട്ടുവിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വേണമെങ്കില്‍ എന്നോട്‌ ക്ഷമിക്കൂ...എനിക്കു താല്‍പര്യമില്ല.
(എത്രപേരുടെ മുഴുവന്‍ ഡീറ്റയില്‍സും ഉണ്ടോ ആവോ..?)

krish | കൃഷ് August 16, 2009 at 11:31 PM  

@മോഹനം, നന്ദി.
(കൂട്ടം ഓപ്പന്‍ ജോയിന്‍ ഗ്രൂപ്പല്ല. കൂട്ടത്തില്‍ ചേര്‍ക്കുന്ന അനുമതി അഡ്മിന്‍സ് ആണ് നല്‍കുന്നത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യ്യുന്നതിനും ലിമിറ്റ് ഉണ്ട്. പേര്‍, മെയില്‍ ഐഡി തുടങ്ങിയ മിനിമം വിവരങ്ങള്‍ നല്‍കിയാല്‍ മതി. ഫ്ലിക്കര്‍ ഐഡി എന്താണ്, കൂട്ടത്തിലേക്ക് ഒരു മെയില്‍ അയക്കൂ.)

qw_er_ty

Mohanam August 17, 2009 at 3:37 PM  

കൃഷ്‌ ചേട്ടാ.. മറുപടിക്കു നന്ദി, ഞാന്‍ ഫ്ലിക്കറില്‍ നിന്നുമാണ്‌ റിക്വസ്റ്റ്‌ അയച്ചത്‌, അത്‌ നിരാകരിച്ചുകൊണ്ട്‌ അഡ്‌മിന്റെ മറുപടിയും വന്നു. കൂടുതല്‍ വിവരങ്ങള്‍ ഇല്ലത്രേ, എന്തായാലും ഫ്ലിക്കറില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്‌,കൂടാതെ കൂട്ടത്തിന്‌ എന്റെ മോഹനം വിലാസവും നല്‍കിയിരുന്നു.

ആകട്ടെ എന്തായാലും അതെല്ലാം കഴിഞ്ഞു ഇനി ഒന്നു കൂടി റിക്വസ്റ്റ്‌ അയക്കാന്‍ താല്‍പര്യമില്ല.

മറുപടി തന്നതില്‍ വളരെ സന്തോഷം, നന്ദി.

Malayalikkoottam - Our Vision

മലയാളി സമൂഹം ഇന്ന് പ്രവാസിയായും അല്ലാത്തവര്‍ രാഷ്ട്രീയക്കോമരങ്ങള്‍ തീര്‍ക്കുന്ന പടുകുഴികളില്‍ വീണ് നടുവൊടിഞ്ഞും കാലം കഴിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പെടാപ്പാടുപെടുന്ന ഒരു വിഭാഗവും മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ച്‌ കടക്കെണിയില്‍പ്പെട്ടും കൃഷിനാശം കൊണ്ടും ഉഴലുന്ന ഒരു ജനതയും നമുക്കിടയിലുണ്ട്‌. ഇതിനെല്ലാമിടയില്‍ ശീതികരിച്ച നാലു ചുവരുകള്‍ക്കിടയില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന മലയാളി മനസുകളുമുണ്ട്‌. പക്ഷെ ലോകത്തെവിടെയായലും മലയാളിയുടെ ഭാഷയും സംസ്കാരവും സാമൂഹിക കാഷ്ച്ചപ്പാടുകളും അവനെ വ്യത്യസ്തനാക്കുന്നു. അതവനെ ആധുനികതയുടെ കുത്തൊഴുക്കിലും തളരാതെ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക്‌ മലയാളി ഒരിക്കലും കണ്ണടിച്ചിട്ടില്ല. മലയാളിയുടെ ആ തിരിച്ചറിവിന്റെ സന്തതിയാണ് ഈ കൂട്ടായ്മ.

ദൃശ്യങ്ങള്‍ക്ക്‌ ഒരായിരം വാക്കുകളേക്കാള്‍ സംവേദനക്ഷമതയുണ്ട്‌. അല്‍പ്പപ്രാണിയായ ഒരു കൊച്ചുകുഞ്ഞിനു മുന്‍പില്‍ മരണം കനിഞ്ഞൊരുക്കുന്ന നൈവേദ്യം ഭുജിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരിക്കും സോമാലിയയെക്കുറിച്ചും വിശപ്പിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക്‌ ഓടിയെത്തുക. ടിയാന്‍‌മെന്‍ സ്ക്വയറില്‍ ഏകനായി പട്ടാള ടാങ്ക്‌ തടഞ്ഞുനിര്‍ത്തുന്ന വിദ്യാര്‍ത്ഥിയാകട്ടെ ചിലര്‍ക്കെങ്കിലും സ്വാതന്ത്രം കൊതിക്കുന്ന ആധുനിക ജനതയുടെ പ്രതീകമായിരിക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ മഴച്ചിത്രങ്ങളാകട്ടെ മലയാളി മനസുകളിലേക്ക്‌ ഗൃഹാതുരതയുടെ നൊമ്പരമായി പെയ്തിറങ്ങുന്നു. ഓര്‍മ്മകളുടെയും അറിവിന്റെയും കാലാതീതമായ നിശ്ചല ദൃശ്യങ്ങളാണ് ഫോട്ടോഗ്രാഫി.


ഈ കൂട്ടായ്മ പുട്ടിന്‍ കുറ്റി പോലത്തെ ക്യാമറകള്‍ ഏന്തിയ ഒരു പറ്റം ഫോട്ടോപിടുത്തക്കാരുടെ കൂട്ടായ്മ എന്നതിലുപരി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളിക്ക്‌ അവന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്‍. ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നമ്മുടെ നാടിനും സംസ്കാരത്തിനും കഴിയാവുന്ന സംഭാവനകള്‍ ചെയ്യാനുമാണ് ഞങ്ങളോരുത്തരും ശ്രമിക്കുന്നത്‌. ഇവിടെ പണ്ഡിതനോ പാമരനോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായതുപോലെ നല്ലൊരു നാളേക്കായി ശ്രമിക്കുന്ന ഒരു ചങ്ങാതിക്കൂട്ടം അത്രമാത്രം.


ആകാശവും ഭൂമിയും, ഭൂമിയില്‍ കരയും കടലും, വായുവും പ്രകാശവും ആരു സൃഷ്ടിച്ചു ? നിയതിയോ പ്രകൃതിയോ പരാശക്തിയോ പരിണാമമോ ? തര്‍ക്കിച്ചോളൂ !


ഭൂമിയില്‍ ഒരുവന്‍ മൃഷ്ടാന്നവും അപരന്‍ പട്ടിണിയും ആരു സൃഷിടിച്ചു ? തര്‍ക്കമില്ല: നമ്മള്‍. നമ്മള്‍ തന്നെ! എങ്കില്‍ എല്ലാവരും ഉണ്ടുറങ്ങുന്ന കാലം ആരു സൃഷ്ടിക്കും ? തര്‍ക്കമില്ല: നമ്മള്‍, നമ്മള്‍ തന്നെ!

കടപ്പാട് : ഒ എന്‍ വി കുറുപ്പ്, തോന്ന്യാക്ഷരങ്ങള്‍.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP